News & Events

കൊച്ചി: കൂട്ടായ്മയിലൂടെ സഭയുടെ ശക്തി വര്‍ധിപ്പിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ മാര്‍ഗരേഖ (ലീനിയമെന്റ) പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ ആത്മീയചൈതന്യവും പൈതൃകവും തനിമയും ശക്തിയും പ്രഘോഷിക്കുന്നതിനും പുതുതലമുറയിലേക്കു പകരുന്നതിനുമുള്ള അവസരമാണു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളി. ആധുനിക ലോകത്തിലെ വെല്ലുവിളികള്‍ക്കു സഭയുടെ തലത്തില്‍ പ്രത്യുത്തരങ്ങള്‍ കണ്െടത്താന്‍ അസംബ്ളി ഉപകരിക്കണം. ലാളിത്യവും കുടുംബത്തിലെ സാക്ഷ്യജീവിതവും പ്രവാസി വിശ്വാസികളുടെ ദൌത്യവും അസംബ്ളി ഗൌരവമായി ചര്‍ച്ച ചെയ്യും. യുവജനങ്ങള്‍ക്കു സഭാജീവിതത്തെക്കുറിച്ചുള്ള അവബോധം ആഴപ്പെടുത്തേണ്ടതുണ്െടന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. എപ്പിസ്കോപ്പല്‍ അസംബ്ളി കണ്‍വീനറും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. മാര്‍ഗരേഖ പരാമര്‍ശിക്കുന്ന ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൌത്യം എന്നീ വിഷയങ്ങളില്‍ യഥാക്രമം റവ.ഡോ. ടോണി നീലങ്കാവില്‍, പ്രഫ.ടി. ലീന ജോസ്, റവ.ഡോ. ഫ്രാന്‍സിസ് എലവുത്തിങ്കല്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. എപ്പിസ്കോപ്പല്‍ അസംബ്ളി കമ്മിറ്റി അംഗങ്ങളായ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബി മാപ്രംകാവില്‍, സിസ്റര്‍ ഗ്രീന, സിസ്റര്‍ ഫ്രാന്‍സ്ലെറ്റ്, സിസ്റര്‍ സജിത എന്നിവര്‍ പ്രസംഗിച്ചു. രൂപത വികാരി ജനറല്‍മാര്‍, ചാന്‍സലര്‍മാര്‍, പ്രസ്ബിറ്ററല്‍ കൌണ്‍സില്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, വിവിധ സന്യസ്ത സഭകളുടെ ജനറല്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, മറ്റു പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഓഗസ്റ് 25 മുതല്‍ 28 വരെ ഇരിങ്ങാലക്കുടയിലാണു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളി.